എക്സാലോജിക്കിന് കുരുക്കായി ആർ.ഒ.സി റിപ്പോർട്ട്: ‘സി.എം.ആർ.എൽ ഇടപാടിന് തെളിവ് ഹാജരാക്കിയില്ല’

news image
Jan 17, 2024, 3:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്‍റെ എക്സാലോജിക് കമ്പനിക്ക് കുരുക്കായി ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ (ആർ.ഒ.സി) നിർണായക റിപ്പോർട്ട്. സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരുരേഖയും കമ്പനിക്ക് ഹാജരാക്കാനിയില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.

2017ൽ എക്സാലോജിക്കും സി.എം.ആർ.എല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി ഉണ്ടാക്കിയ കരാറാണ് വിവാദമായത്. ഇതുപ്രകാരം വീണ വിജയന് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആർ.എൽ നൽകിവന്നിരുന്നു. എന്നാൽ, പണം നൽകിയ ഈ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനങ്ങൾ സി.എം.ആർ.എല്ലിനു നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇടപാടിൽ അഴിമതി ആരോപണമുയർന്നത്.

തുടർന്ന് ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) എക്സാലോജിക്കിനോട് വിശദീകരണം തേടി. എന്നാൽ, ഇതിനുള്ള മറുപടിയിൽ സി.എം.ആർ.എല്ലിൽ നിന്ന് കിട്ടിയ പണത്തിന് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന വിവരം മാത്രമാണ് എക്സാലോജിക് കമ്പനി ആർ.ഒ.സിക്ക് നൽകിയത്. സോഫ്റ്റ് വെയര്‍ സർവിസ് ആവശ്യപ്പെട്ട് സി.എം.ആർ.എൽ പരസ്യം നൽകിയതിന്‍റെയോ സിഎംആർഎൽ- എക്സാലോജിക് ആശയവിനിമയത്തിന്റെയോ രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ പറയുന്നത്. ഇതിന്റെ കരാർ പോലും കമ്പനികൾക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം കിട്ടിയെന്നതിനുള്ള തെളിവും എക്ലാലോജിക്കക് ഹാജരാക്കിയിട്ടില്ല.

പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് ആർ.ഒ.സിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എൽ. ഇടപാട് നടത്തുമ്പോൾ കമ്പനീസ് ആക്ട് പ്രകാരം അത് ബോർഡിനെ അറിയിക്കണം. എന്നാൽ, വിണവിജയന്റെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ ബോർഡിനെ അറിയിച്ചിരുന്നില്ല. കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സി.എം.ആർ.എല്ലിന്റെയും ഇടപാടുകൾ പരിശോധിക്കണമെന്ന് ആർ.ഒ.സി റിപ്പോർട്ടിൽ പറയുന്നു.

ഇതിനുപിന്നാലെയാണ് കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചത്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനിസ്(ആർ.ഒ.സി) വരുൺ ബി.എസ്, ചെന്നൈ വിഭാഗം ഡയരക്ടർ കെ.എം ശങ്കർ നാരായൺ, പുതുച്ചേരി ആർ.ഒ.സി എ. ഗോകുൽനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സി.എം.ആർ.എൽ വീണയുടെ കമ്പനിക്ക് നൽകിയ തുകയെക്കുറിച്ച് ഉൾപ്പെടെ ഇവർ അന്വേഷിക്കും. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സി.എം.ആർ.എൽ ഡയരക്ടർ ശശിധരൻ കർത്ത ആദായ നികുതി തർക്ക പരിഹാര ബോർഡിനു നൽകിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്സാലോജിക്കിനു നൽകിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe