തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി. ജൂൺ 13 ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിൻ്റെതാണ് ഉത്തരവ്. ആക്രമണത്തിന് കാരണം കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതിന്റെ പ്രതികാരമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
2022 ജൂണ്‍ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം രാത്രി തന്നെ വൻ വിവാദമായി കത്തിപ്പടർന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം ചുമത്തിയാണ് സുഹൈലിനെയും നവ്യയെയും പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്.