കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനൽകാൻ സാഹിത്യകേരളം കോഴിക്കോട്ടെ എം.ടി.യുടെ വീട്ടിലേക്കൊഴുകുന്നു. തൂലികകൊണ്ട് തലമുറകളാൽ കഥാവിസ്മയം തീർത്ത കഥാകാരനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് ഇപ്പോഴും കാത്ത് നിൽക്കുന്നത്. കണ്ണീരണിഞ്ഞും കൈകൂപ്പിയും അവർ അദ്ദേഹത്തിന് ആദരമർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് സിതാരയിൽ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴിയായിരിക്കും ശ്മശാനത്തിലേക്കെത്തിക്കുക. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കും.