ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരെ മാറ്റാനുള്ള നീക്കം തുടങ്ങി കോൺഗ്രസ്. എം.എൽ.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.എം.കെയുമായി കോൺഗ്രസ് ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എമാരെ വൈകുന്നേരത്തോടെ ബംഗളൂരുവിൽ നിന്ന് മാറ്റുമെന്നാണ് സൂചന.
കോൺഗ്രസ് മുന്നേറുന്നതിനിടെ പാർട്ടി ഔദ്യോഗിക ട്വിറ്ററിൽ ഭാരത് ജോഡോ യാത്രയുടെ വിഡിയോ പങ്കുവെച്ചിരുന്നു. ഞാൻ അദൃശ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, എന്നെ തടയാനാവില്ല എന്ന കാപ്ഷനോടെയാണ് കോൺഗ്രസ് വിഡിയോ പങ്കുവെച്ചത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. 100ലേറെ സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. 75 സീറ്റനടുത്ത് മുന്നേറാൻ മാത്രമാണ് ബി.ജെ.പിക്ക് സാധിച്ചത്.
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരോട് ബംഗളൂരിവിലെത്താൻ നിർദേശിച്ച് കോൺഗ്രസ്. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ നിന്നും എം.എൽ.എമാരെ ബംഗളൂരുവിലെത്തിക്കാൻ പാർട്ടി പ്രത്യേക സംവിധാനം ഒരുക്കിയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് നേതാവ് പവൻ ഖേഡ ഉൾപ്പടെയുള്ളവർ പാർട്ടി കർണാടകയിൽ സർക്കാറുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു.