കൊയിലാണ്ടി: മത്സ്യബന്ധനത്തിനായി പുറപ്പെട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെയും ബോട്ടിനെയും കോസ്റ്റൽ പൊലീസ് കരയ്‌ക്കെത്തിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഓംകാരനാഥന്‍’ എന്ന ബോട്ടിലെ മത്സ്യതൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് 21 മത്സ്യതൊഴിലാളികളാണ് ഈ ബോട്ടില്‍ പുറപ്പെട്ടിരുന്നത്.
ഉള്‍ക്കടലില്‍ വെച്ച് ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അപകടത്തിലാവുകയായിരുന്നു. ഉടന്‍ കോസ്റ്റല്‍ പൊലീസിന് വിവരം കൈമാറി. കോസ്റ്റല്‍ പൊലീസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡ് മിഥുന്‍ കെ വി, ഹമിലേഷ് കെ, സിവില്‍ പൊലീസ് ഓഫീസര്‍ ഗിഫ്റ്റ്‌സണ്‍, കോസ്റ്റല്‍ വാര്‍ഡന്‍ ദീബീഷ് പി കെ എന്നിവര്‍ മറ്റൊരു ബോട്ടില്‍ മത്സ്യതൊഴിലാളികളുടെ സമീപം എത്തുകയും സുരക്ഷിതരായി ഇവരെയും ബോട്ടിനെയും കൊയിലാണ്ടി ഹാര്‍ബറില്‍ തിരികെ എത്തിക്കുകയുമായിരുന്നു.