വടകര/കുറ്റ്യാടി: നിപ ബാധിച്ച് രണ്ടുപേർ മരിച്ച പശ്ചാത്തലത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ. രണ്ടുപേർക്ക് നിപ ബാധയുണ്ടായത് വ്യത്യസ്ത ഇടങ്ങളിൽനിന്നാണെന്ന സംശയം ഉയർന്നിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗനിയന്ത്രണ കോഓഡിനേറ്റർ ഡോ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ച വീട്ടിൽനിന്ന് ബുധനാഴ്ച സാമ്പിൾ ശേഖരിച്ചു.
വീട്ടുപറമ്പിലും പരിസരത്തുമുള്ള അടക്കയിൽ വവ്വാലുകളുടെ ഉമിനീർ കലർന്നതായാണ് കരുതുന്നത്. ഇത് സംഘം ശേഖരിച്ചിട്ടുണ്ട്. രോഗവ്യാപനത്തിനുള്ള വവ്വാലുകൾ ഇവിടങ്ങളിൽ ഉണ്ടാകാനിടയുണ്ടെന്ന നിഗമനത്തിലാണ് സംഘം. രോഗം ബാധിച്ച് മരിച്ച രണ്ടുപേരും തമ്മിൽ പരിചയം നടിക്കുന്നതായി ആശുപത്രി ദൃശ്യങ്ങളിൽ കാണുന്നില്ല.
രോഗിയായതിനാൽ പുറത്തുനിന്ന് ബന്ധപ്പെടാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ഉറവിടമാണെന്ന നിഗമനത്തിലായിരുന്നു പരിശോധന. മരുതോങ്കരയിലെ മരിച്ച വ്യക്തിക്ക് പരിസരത്തുള്ള ജാനകിക്കാട്ടിലെ വവ്വാലുകളുടെ സാന്നിധ്യം സംശയിക്കുമ്പോൾ ഇവിടെ വേറെ ഉറവിടമാണെന്നാണ് കരുതുന്നത്. വിദഗ്ധ സംഘം ശേഖരിച്ച സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിക്കും. രണ്ടിടത്തും രണ്ട് വ്യത്യസ്ത സംഘങ്ങളാണ് പരിശോധന നടത്തിയത്.
മരുതോങ്കര കള്ളാട് മരിച്ച യുവാവിന്റെ വീട്ടുപരിസരത്തുനിന്ന് അടക്കയും വിവിധ പഴങ്ങളും ആരോഗ്യവിഭാഗം ശേഖരിച്ചു. കുറ്റ്യാടി ചെറുപുഴയുടെ തീരത്തുള്ള മരങ്ങളിൽ നൂറുകണക്കിന് വവ്വാലുകൾ താവളമടിച്ചതായി കണ്ടെത്തി.
ഒരെണ്ണം വൈദ്യുതി കമ്പിയിൽ തട്ടി ചത്ത് തൂങ്ങിനിൽക്കുന്ന നിലയിലും കണ്ടു. പല വീട്ടുമുറ്റത്തും വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ കണ്ടെത്തി. പപ്പായ, വാഴ മാമ്പ്, ചാമ്പക്ക, സപ്പോട്ട, ഈന്ത് തുടങ്ങിയവ സംഘം ശേഖരിച്ചു. കോഴിക്കോട് ഡി.എം.ഒയിലെ ടെക്നിക്കൽ അസിസ്റ്റന്റ് ജോയി തോമസ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ടോം, ഡോ. ഹാബിയ, ഡോ. അമൃത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പഴങ്ങളിലുള്ള വവ്വാലിന്റെ സ്രവങ്ങളിൽ വൈറസ് സാന്നിധ്യമുണ്ടോ എന്നറിയാൻ ഇവ പരിശോധനക്കയക്കും.
മരത്തിൽനിന്ന് വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുതെന്നും വീണുകിടക്കുന്ന അടക്ക ഗ്ലൗസ് ഉപയോഗിച്ച് മാത്രമേ ശേഖരിക്കാവൂ എന്നും എല്ലാ വീട്ടുകാരോടും സംഘം നിർദേശിച്ചു.
അതിനിടെ, മരുതോങ്കരയിൽ കാട്ടുപന്നി ചത്തുകിടക്കുന്നത് കണ്ടെത്തിയതായി സ്പെഷൽ ബ്രാഞ്ച് പൊലീസ് അറിയിച്ചു. വിളകൾ നശിപ്പിക്കുന്നതിനാൽ ആളുകൾ വിഷം വെച്ചതായിരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
മരിച്ച മുഹമ്മദലിയുടെ കുടുംബം വകയായുള്ള കവുങ്ങിൻതോട്ടവും സംഘം പരിശോധിച്ചു. പനി വരുന്നതിനുമുമ്പ് കാവിലുമ്പാറ പഞ്ചായത്തിലെ തെങ്ങിൻതോട്ടത്തിലും ഇയാൾ പോയിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിരുന്നു.