കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി. മാധ്യമ വാർത്തകളുടേയും കോടതിക്ക് ലഭിച്ച കത്തുകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിഷയം സ്വമേധയാ പരിഗണിച്ചത്.
അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തിയ കോടതി, പ്രകൃതിദുരന്തങ്ങൾ തടയാൻ സമഗ്ര പരിഷ്‌ക്കാരങ്ങൾ നടപ്പാക്കണമെന്നും നിയമനിർമാണമടക്കം പരിഗണിക്കണമെന്നും നിർദേശിച്ചു. വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജികൾ പരിഗണിക്കവെയാണ് വയനാട് വിഷയത്തിൽ കോടതി സ്വമേധയാ ഇടപെട്ടത്.
ദുരന്തനിവാരണ ജില്ല അതോറിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചതെന്ന് കോടതി പറഞ്ഞു. കേരളത്തിന്‍റെ ചില പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളാണ്. മഴയെയും പ്രകൃതിയെയും പിടിച്ചുനിർത്താൻ മനുഷ്യന് കഴിയില്ല. സുസ്ഥിര വികസനം ഇവിടെ സാധ്യമാണോയെന്ന കാര്യത്തിൽ പുനിർവിചിന്തനം അനിവാര്യമാക്കുന്നതാണ് വയനാട് സംഭവം.
പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണ സഭയും ഭരണനിർവഹണ മേഖലയും ജുഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണം. ഖനനം, പ്രളയം തുടങ്ങിയവ നിയന്ത്രിക്കാൻ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾആലോചിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി നിർദേശിച്ചു.
ഉരുൾപൊട്ടൽ അടക്കം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവുമെന്ന് പരിശോധിക്കണം. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.