ഉമ തോമസ് കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ; പ്രാധാന്യം നൽകുന്നത് ശ്വാസകാശത്തിലെ ചതവുകൾ മാറാൻ

news image
Dec 30, 2024, 8:55 am GMT+0000 payyolionline.in

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസി​ന് കുറച്ചുദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന പാലാരിവട്ടം ​റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ. ഇന്ന് രാവിലെ നടത്തിയ സി.ടി സ്‌കാൻ പരിശോധനയിൽ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്നാണ് വ്യക്തമായതെന്നും 10.30ന് കൂടിയ മെഡിക്കൽ ബോർഡിന് ശേഷമുള്ള മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കി.

‘ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകാശത്തിലെ ചതവുകൾ അൽപം കുടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ശ്വാസകോശത്തിനേറ്റ സാരമായ ചതവുകാരണം കുറച്ചുദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവ് മാറാൻ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടയുള്ള ചികിത്സകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിൽ സെർവിക്കൽ സ്പൈനിൽ പൊട്ടലുകൾ ഉണ്ടെങ്കിലും അടിയന്തിര ഇടപെടലുകൾ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ട ശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങൾ കൈക്കാള്ളും’ -ഡോക്ടർമാർ പറഞ്ഞു.

ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന എം.എൽ.എയുടെ ജി.സി.എസ് സ്കോർ 8 ആയിരുന്നു. ഉടൻതന്നെ വെൻറിലേറ്ററിലേക്ക് മാറ്റി. എക്‌സ് റേ, സി. ടി സ്‌കാൻ എന്നിവയടക്കമുള്ള വിദഗ്ധ പരിശോധനകൾക്ക് വിധേയയാക്കുകയും ചെയ്‌തു. സി.ടി സ്‌കാനിലാണ് തലക്ക് പരിക്കുള്ളതായി കണ്ടെത്തിയത്. വീഴ്‌ച യുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിച്ചിരുന്നു. വാരിയെല്ലുകൾ തട്ടിയാണ് ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായത്.

റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്സീൽ, ജനറൽ ആൻറ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞ്ജു‌കുമാർ ബി.സി, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. മധു കെ. എസ്, മെഡിക്കൽ ഡയറക്ടറും ഇന്റേണൽ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe