കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീടിനു നേരെ ആക്രമണം. കലൂർ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. പ്രവർത്തകൻ വിനായകന്റെ ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
അന്തരിച്ച മുൻ മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയായിരുന്നു ആക്രമണം. പൊലീസും ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ വിനായകന്റെ കുടുംബം പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാകും പരാതി നൽകുക.
അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഇതേ പൊലീസ് സ്റ്റേഷനിൽ വിനായകനെതിരെ കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഇന്നലെ വൈകിട്ട് ഫെയ്സ്ബുക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.