തിരുവനന്തപുരം: അന്തരിച്ച ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്നും എന്നാൽ, പുതുപ്പള്ളിക്ക് എം.എൽ.എ ഉണ്ടാകുമെന്നും മകൻ ചാണ്ടി ഉമ്മൻ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിയ ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പിതാവ് ഇല്ലാത്ത പുതുപ്പള്ളി ഹൗസിലേക്ക് കടന്നു വരുന്നതിൽ വലിയ ദുഃഖമുണ്ട്. പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ല. പുതിയ വീടിന്‍റെ നിർമാണം നടന്നു വരികയാണ്. പുതുപ്പള്ളി ഹൗസ് ആണ് നിലവിലെ വീടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതിനിടെ, ഉമ്മൻചാണ്ടിയുടെ വേർപാടുമായി ബന്ധപ്പെട്ട ഒമ്പതാം ദിവസത്തെ ചടങ്ങിലേക്ക് എല്ലാവരെയും ചാണ്ടി ഉമ്മൻ ക്ഷണിച്ചു. ബുധനാഴ്ച രാവിലെ ഏഴര മുതൽ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയാണ് ചടങ്ങുകൾ നടക്കുകയെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.