ഉത്തര്‍പ്രദേശില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേര്‍ മരിച്ചു; അനുശോചിച്ച് നേതാക്കൾ

news image
Jul 2, 2024, 1:34 pm GMT+0000 payyolionline.in

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേര്‍ മരിച്ചു. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് സംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഇവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. യുപിയിൽ കനത്ത ചൂടാണ് പലയിടത്തും അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ഈ പരിപാടിയും നടത്തിയത്. വലിയ പന്തലുകൾ കെട്ടിയായിരുന്നു പരിപാടി നടത്തിയിരുന്നത്.

എന്നാൽ കനത്ത ചൂടിൽ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. ചൂട് സഹിക്കാനാവാതെ പന്തലിൽ നിന്ന് പുറത്തുകടക്കാൻ ആളുകൾ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. മരണം നൂറ് കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരിച്ചവരിൽ 23 സ്ത്രീകളും ഉണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും അനുശോചിച്ചു. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെൻ്റിൽ തന്റെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. പ്രസംഗത്തിലുടനീളം ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങൾ ഹാത്രാസ് വിഷയം പ്രധാനമന്ത്രി ഉന്നയിച്ചപ്പോൾ നിശബ്ദരായി. കേന്ദ്രസർക്കാർ സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് കൂടി സംസാരിക്കണം എന്ന് പ്രതിപക്ഷത്ത് നിന്ന് ആവശ്യം ഉയര്‍ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe