ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് ഡൽഹിയെ മൂടിയതോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ നിരവധി പ്രദേശങ്ങളിൽ യാത്രാതടസ്സവും നേരിടുന്നുണ്ട്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളം മുന്നറിയിപ്പുമായി രംഗത്തെത്തി.
നിലവിൽ മൂടൽമഞ്ഞ് വിമാന സർവിസിനെ ബാധിച്ചിട്ടില്ല. എന്നാൽ അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടൽമഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
അതേസമയം, വ്യാഴാഴ്ച ഡൽഹി-എൻ.സി.ആർ മേഖലയിൽ നേരിയതോ ഇടതൂർന്നതോ ആയ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതൽ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹി-എൻ.സി.ആർ മേഖലയിൽ പകൽ സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.