കൊച്ചി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാവിവാദവുമായി ബന്ധപ്പെട്ട കേസിൽഡി.സി ബുക്സ് പബ്ലിക്കേഷൻ മുൻ മേധാവി എ.വി. ശ്രീകുമാറിന് മുൻകൂർ ജാമ്യം ലഭിച്ചു. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.
കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യ വ്യക്തമായതായി കോടതി നിരീക്ഷിച്ചു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് കോടതി ചോദിക്കുകയുംചെയ്തു.
ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിലാണ് ഡി.സി ബുക്സ് പ്രവർത്തിച്ചതെന്നും മുൻ കൂർ ജാമ്യം നൽകമെങ്കിലും അപമാനിച്ചുവെന്നത് വസ്തുതയാണെന്നും കോടതി നിരീക്ഷിച്ചു.
വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു ഇ.പിയുടെ ആത്മകഥാഭാഗങ്ങൾ പുറത്തുവന്നത്. ഇത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ലെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സിനെ ഏൽപിച്ചിട്ടില്ലെന്നും പറഞ്ഞ് ഇ.പി പരസ്യമായി രംഗത്തുവന്നത്. ഇതിനെതിരെ ഇ.പി പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡി.സി. ബുക്സിൽ നിന്നാണെന്നും എ.വി. ശ്രീകുമാർ അത് ചോർത്തുകയാണെന്നും കാണിച്ച് പൊലീസ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്.