ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി സമൻസ് അയച്ചു. 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് സമന്‍സ് അയച്ചത്.
മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അഞ്ചു തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല. പിന്നെലെയാണ് ഇ.ഡി കോടതിയെ സമീപിച്ചത്. ഇ.ഡി സമന്‍സ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. കോടതി ഉത്തരവ് പഠിക്കുകയാണെന്നും നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.
നാലു മാസത്തിനിടെ അഞ്ച് സമന്‍സുകളാണ് ഇ.ഡി കെജ്‌രിവാളിന് അയച്ചിരുന്നത്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെയും മറ്റൊരു പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ എടുത്ത അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ ഇടപെടല്‍.