‘ഇൻതിഫാദ എന്ന പദത്തിന് തീവ്രവാദവുമായി ബന്ധം, പേര് മാറ്റണം’; കേരള സർവകലാശാല കലോത്സവത്തിന്‍റെ പേരിനെതിരെ ഹര്‍ജി

news image
Mar 1, 2024, 1:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ പേരായ ‘ഇൻതിഫാദ’യെ ചൊല്ലി വിവാദം. ‘ഇൻതിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയൻ്റെ നിലപാട്.

7 മുതൽ 11 വരെ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിനാണ് ‘ഇൻതിഫാദ’ എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥി ആശിഷ് എ എസ് ആണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച്  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചു. വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനാണ് കോടതിയുടെ നിർദേശം. അറബി പദമായ ‘ഇൻതിഫാദ’ക്ക് തീവ്രവാദവുമായും പലസ്തീൻ-ഇസ്രയേൽ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നൽകരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ‘ഇൻതിഫാദ’ എന്ന പേരിൽ തന്നെയാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന സർവ്വകലാശാല യൂണിയൻ മുന്നോട്ട് പോകുന്നത്. ഫ്ലെക്സും പ്രചാരണ ബോർഡുകളുമൊന്നും മാറ്റിയിട്ടില്ല. സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ‘ഇൻതിഫാദ’ എന്ന പദത്തെ കുറിച്ച് പരിശോധിക്കാൻ സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദം പുകയുമ്പോഴും പരാതിയെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് യൂണിയൻ ഭാരവാഹികൾ തയ്യാറല്ല. പലസ്തീൻ ജനതയുടെ പ്രതിരോധം എന്ന നിലക്കാണ് പേരിട്ടതെന്നാണ് വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe