ഇലക്ട്രിക് ഡബ്​ള്‍ ഡെക്കര്‍ എന്‍റെ കുഞ്ഞാണ് -ഗണേഷ് കുമാറിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു

news image
Feb 15, 2024, 1:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ്​കുമാറി പരോക്ഷമായി വിമർശിച്ച് മുൻ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇലക്​ട്രിക്​ ഡബ്​ൾ ഡക്കർ ബസി​ന്‍റെ ഉദ്​ഘാടനച്ചടങ്ങിന്​ ആന്‍റണി രാജുവിനെ ക്ഷണിച്ചില്ല. എങ്കിലും വിവരമറിഞ്ഞ ആന്‍റണി രാജു ഉദ്​ഘാടനച്ചടങ്ങിന്​ തൊട്ടുമുമ്പ്​ സ്ഥലത്തെത്തി ബസ് സന്ദർശിച്ചു. ക്ഷണിക്കാത്തതിലെ അതൃപ്​തി മറച്ചുവെക്കാതെ ‘‘ഇലക്ട്രിക് ഡബ്​ള്‍ ഡെക്കര്‍ എന്റെ കുഞ്ഞാണ്’’ എന്ന് അദ്ദേഹം പറഞ്ഞു.

ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാത്തതിലും ആന്റണി രാജു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു. ‘‘ഫ്ലാഗ്​ ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് താൻ കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തിലാണ് ബസുകള്‍ ഓടിക്കേണ്ടിവരുക. താന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് തനിക്ക്​- ആന്റണി രാജു പറഞ്ഞു. എന്നാൽ, ഉദ്​ഘാടനച്ചടങ്ങിൽ ആന്‍റണി രാജുവിന്‍റെ പരാമർശത്തോട്​ ഗണേഷ്​ കാര്യമായി പ്രതികരിച്ചില്ല.

സ്മാർട്ട് സിറ്റി ഫണ്ടിൽ വാങ്ങിയ ബസിന്‍റെ ഉദ്ഘാടനം ആന്‍റണി രാജുവിന്‍റെ മണ്ഡലമായ പുത്തരിക്കണ്ടത്താണ് ആദ്യം നിശ്ചയിച്ചത്​. എം.എൽ.എ എന്ന പ്രോട്ടോകോൾ പ്രകാരം ആന്‍റണി രാജുവിനെ ക്ഷണിക്കേണ്ടി വരുമെന്ന സാഹചര്യം ഒഴിവാക്കാൻ ചടങ്ങ്​ വട്ടിയൂർക്കാവ്​ മണ്ഡലപരിധിയിലെ വികാസ്​ ഭവനിലേക്ക്​ മാറ്റി. വികാസ് ഭവനു മുന്നിലുള്ള റോഡിന്റെ എതിർവശത്താണ് ആന്റണി രാജുവിന്റെ മണ്ഡലം തുടങ്ങുന്നത്. ഇതറിഞ്ഞ ആന്‍റണി രാജു ഉദ്​ഘാടനച്ചടങ്ങിന്​ തൊട്ടുമുമ്പ്​ വികാസ്​ ഭവനിലെത്തിയാണ് ബസ്​ സന്ദർശിച്ചത്.

ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും നേരത്തേ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇലക്ട്രിക് ബസ് വേണമെന്നാണ്​ ആന്റണി രാജുവിന്റെ നിലപാട്. വേണ്ടെന്ന് ഗണേഷ് കുമാറും. ഇതിനു​ പിന്നാലെയാണ്​ പുതിയ സംഭവങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe