ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി: എം വി ​ഗോവിന്ദൻ

news image
Mar 15, 2024, 10:32 am GMT+0000 payyolionline.in

തിരുവനന്തപുരം > ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

പണം കിട്ടിയവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇതിൽ പകുതിയിലധികവും വാങ്ങിയത് ബിജെപിയാണ്. 6060 കോടിയോളം രൂപയാണ് ബിജെപി വാങ്ങിയത്.ഏറ്റവും കൂടുതൽ പണം നൽകിയതായി കണ്ടത് സാന്റിയാ​ഗോ മാർട്ടിന്റെ കമ്പനിയാണ്. അഴിമതിയുടെ അങ്ങേത്തലയായ ഈ കമ്പനിയിൽ നിന്നാണ് 1000ലധികം കോടി രൂപ വാങ്ങിയത്.

കേരളത്തിലെ ചില മാധ്യമങ്ങൾ സിപിഐ എമ്മിനും സിപിഐയ്ക്കും പണം ലഭിച്ചിട്ടില്ല എന്ന് പ്രത്യേകമായി വാർത്ത കൊടുത്തത് കണ്ടു. വളരെ വിചിത്രമായ വാർത്തയാണിത്. മാധ്യമങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എന്തൊക്കെ വാർത്ത കൊടുക്കാൻ പറ്റും എന്നതിന്റെ തെളിവാണിത്. ലഭിക്കാത്തതല്ല. ആ പണം സിപിഐ എം വാങ്ങാത്തതാണ്. കോർപ്പറേറ്റുകളുടെ പണം ഇലക്ടറൽ ബോണ്ടിന്റെ ഭാ​ഗമായിട്ട് വാങ്ങില്ല എന്ന് തീരുമാനിച്ച് എസ് ബിഐയിൽ രജിസ്റ്റർ ചെയ്യാത്തവരാണ് സിപിഐ എമ്മും സിപിഐയും. ബിജെപി 6060 കോടി വാങ്ങിയതിനെപ്പറ്റി പറയാതെ സിപിഐ എമ്മിനും സിപിഐയ്ക്കും പണം കിട്ടിയില്ലെന്ന് പറയുകയാണ് മാധ്യമങ്ങൾ. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹർജി നൽകിയതിനാലാണ് ഇപ്പോൾ ഈ വിഷയം ഉയർന്നുവന്നതും ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞതും. അതിനെയാണ് ഈ രീതിയിൽ വക്രീകരിച്ച് അവതരിപ്പിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

 

ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർ​ഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺ​ഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. നിയമം നടപ്പിലാക്കാതിരിക്കാൻ പറ്റില്ല എന്നാണ് രണ്ടുപേരും പറയുന്നത്. കെ സുരേന്ദ്രനും വി ഡി സതീശനും ഇതിൽ ഒരേ സ്വരമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. പൗരത്വ നിയമം നടപ്പലാക്കുന്നതിനെതിരെ സിപിഐഎം വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കം പ്രക്ഷോഭത്തിൽ പങ്കെടുക്കും. യോജിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാവും ബഹുജന റാലിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe