ഇരിട്ടി: ടൗണിൽ സ്ത്രീകൾ ഉൾപ്പെടെ ആക്രമിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തയാളെ ഇരിട്ടി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. ആദ്യം മേലേ സ്റ്റാൻഡിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് നേരെയായിരുന്നു പരാക്രമം. സ്കൂട്ടർ അടക്കം യുവതി മറിഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് താഴെ പഴയ സ്റ്റാൻഡിലേക്കു പോകുന്നതിനിടെ ഇയാൾ പലരെയും ആക്രമിച്ചു.
ഇതേത്തുടർന്ന് നാട്ടുകാരും ചുമട്ടുതൊഴിലാളികളും പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പഴയ സ്റ്റാൻഡിലെ കെട്ടിടത്തിനു മുകളിൽ കയറി നെയിം ബോർഡിനുള്ളിൽ ഒളിച്ചിരുന്നു. ഇവിടെനിന്ന് ഇയാളെ താഴെയിറക്കാൻ കഴിയാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. സേനയും ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ചേർന്ന് പൊലീസിന്റെ സഹായത്തോടെ ഇയാളെ താഴെയിറക്കി. ആറളം ഫാം മേഖലയിലെ താമസക്കാരനായ ഇയാൾ മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നാണ് കരുതുന്നത്. യുവാവിന്റെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.