ഇരിങ്ങൽ: ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 13-ാമത് വാർഷിക വോളിബോൾ കോച്ചിംഗ് ക്യാമ്പിന് ആവേശകരമായ തുടക്കം. ഞായറാഴ്ച രാവിലെ 6:30-ന് ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള അക്കാദമി ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പിൽ ആൺകുട്ടികളും പെൺകുട്ടികളുമായി അറുപതോളം പേർ പങ്കെടുക്കുന്നുണ്ട്.
ക്യാമ്പിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഏപ്രിൽ 4 ശനിയാഴ്ച വൈകുന്നേരം 4:30-ന് അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനുമായ ടോം ജോസഫ് നിർവ്വഹിക്കും. കേരള ടീം കോച്ചും ഐ.പി.എം ചീഫ് കോച്ചുമായ ശ്രീജിത്ത് വി.പി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഡോ. ഷിംജിത്ത് എം., സുജിഷ വി. എന്നിവരാണ് ക്യാമ്പിന്റെ മുഖ്യ പരിശീലകർ.
ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യന്മാരായ കേരള ടീമിൽ അംഗമായി നാടിന്റെ അഭിമാനമായി മാറിയ വിപാഷ ശശിയെ ചടങ്ങിൽ വെച്ച് ഇരിങ്ങൽ സ്പോർട്സ് അക്കാദമി ആദരിക്കും. ഏപ്രിൽ 4-ന് വൈകുന്നേരം നാല് മണിക്കാണ് ആദരിക്കൽ ചടങ്ങ് നടക്കുക.
