തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പോക്കറ്റ് മണി നല്‍കി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്. പതിനായിരമോ ഇരുപതിനായിരമോ പോക്കറ്റ് മണി നല്‍കി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയാണ് തട്ടിപ്പ്. അക്കൗണ്ടില്‍ പണമില്ലെന്ന ധൈര്യത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്ന വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം സൈബര്‍ ഫ്രോഡുകളെന്നും ഇവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ സിറ്റി പൊലീസ് അറിയിച്ചു. പോക്കറ്റ് മണി ലക്ഷ്യമാക്കി അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരാന്‍ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച് അറിവില്ലെന്ന് പൊലീസ് പറയുന്നു.
നോര്‍ത്ത് ഇന്ത്യയിൽ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ സൈബര്‍ തട്ടിപ്പുകാര്‍ അവര്‍ തട്ടിയെടുത്ത തുകകള്‍ ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താണ് സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്. സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍ അക്കൗണ്ടിലേക്ക് പണമെത്തിയ വിദ്യാര്‍ത്ഥികൾ പിടിക്കപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ത്ഥികളാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
അക്കൗണ്ടില്‍ ലക്ഷങ്ങളും കോടികളും എത്തിയത് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. പണം കണ്ടെത്തിയ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പോക്കറ്റ് മണി തട്ടിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായത്. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കരുതിയിരിക്കണമെന്നും പോക്കറ്റ് മണി എന്ന പുതിയ കെണിയില്‍ വീണ് സൈബര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാകാകരുത് എന്നും സിറ്റി പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.