എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

news image
Jul 18, 2023, 1:55 am GMT+0000 payyolionline.in

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. കോൺഗ്രസ് നേതാക്കൾ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയടക്കമുള്ള പരിപാടികളിലൂടെയും ജനങ്ങൾക്കിടയിലുള്ള വിശ്രമമറിയാത്ത പ്രവർത്തനങ്ങളിലൂടെയും കേരളം കണ്ട ഏറ്റവും ജനകീയരായ ഭരണാധികാരികളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നു. 2004-2006, 2006-2011 വര്‍ഷങ്ങളില്‍ രണ്ട് തവണകളിലായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായി. നിലവിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായ അദ്ദേഹം ഈയിടെയാണ് സഭയിൽ അൻപത് വർഷം പിന്നിട്ടത്.

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായ ഉമ്മൻ ചാണ്ടി ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തി. 1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും​ തെരഞ്ഞെടുക്കപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe