ഇന്ത്യ – കാനഡ തർക്കം: അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ക്വാഡ് രാഷ്ട്രങ്ങൾ

news image
Sep 23, 2023, 2:28 am GMT+0000 payyolionline.in

ന്യൂയോർക്ക്: അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാഷ്ട്രങ്ങൾ. ന്യൂ യോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദികൾക്ക് മറ്റ്‌ രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും, ഭീകരപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി.

അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരടങ്ങുന്നതാണ് ക്വാഡ് രാഷ്ട്രങ്ങൾ. ഖാലിസ്ഥാൻ ഭീകരവാദികൾക്കെതിരെ കാനഡ ശക്തമായ നടപടികൾ എടുക്കുന്നില്ല എന്ന് ഇന്ത്യ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്വാഡ് പ്രസ്താവന. അതിനിടെ ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് അന്തർദേശീയ തലത്തിലെ വിലയിരുത്തൽ. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും തണുത്ത പ്രതികരണമാണ് ഇന്ത്യക്കെതിരെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കുന്ന കാനഡക്ക് ലഭിക്കുന്നത്.

അതേസമയം ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നാണ് യുകെയുടെ പ്രതികരണം. ജസ്റ്റിൻ ട്രൂ‍ഡോ ഉന്നയിച്ച ആരോപണത്തിൽ കനേഡിയൻ പ്രതിനിധികളുമായി ആശയവിനിമയം തുടരുകയാണെന്നും യുകെ വക്താവ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ദേശീയ വക്താവ് ഒരു ഇം​ഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe