ഇന്ത്യൻ വംശജൻ റിഷി സുനക് ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി

news image
Oct 24, 2022, 1:53 pm GMT+0000 payyolionline.in

ലണ്ടൻ : ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ലിസ്‍ ട്രസ് രാജിവെച്ചതോടെയാണ് റിഷി സുനക് ബ്രിട്ടന്റെ നേതൃസ്ഥാനത്തേക്കെത്തിയത്.

ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് നാൽപ്പത്തി രണ്ടാം വയസിലാണ് ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാളാണ് റിഷി സുനക്. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് റിഷിയുടെത്.

ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണിൽ സുനക് ജനിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. 2015 ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. ബ്രെക്സിറ്റിനെ പിന്തുണച്ച പ്രധാന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe