ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ച് കാനഡ. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവെക്കാൻ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.ഉച്ചകോടിക്കായി ന്യൂഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യാപാര ഉടമ്പടി ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചത്. കാനഡയും ഇന്ത്യയും 2010 മുതൽ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്. കഴിഞ്ഞ മാസത്തോടെ ചർച്ചകൾ താൽക്കാലികമായി നിർത്താൻ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.
‘വ്യാപാര ചർച്ചകൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായ പ്രക്രിയകളാണ്. ചർച്ചകൾ താൽക്കാലികമായി നിർത്തുകയാണ്’ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. അടുത്തയാഴ്‌ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചർച്ചകൾ നടത്താൻ ഇന്ത്യ പദ്ധതിയിട്ടതായും ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.