തിരുവനന്തപുരം: സൂര്യനെ സൂക്ഷ്മമായി പഠിക്കുന്നതിനുള്ള ഐഎസ്ആർഒ ദൗത്യം ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ശനി പകൽ 11.50നാണ് വിക്ഷേപണം. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി റോക്കറ്റാണ് പേടകവുമായി കുതിക്കുക. കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും. ചാന്ദ്രയാൻ 3 വിജയത്തിന് തൊട്ടുപിന്നാലെ നടക്കുന്ന വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽനിന്നാണ് പേടകം സൂര്യനെ നിരീക്ഷിക്കുക.
ആധുനികമായ ഏഴ് പരീക്ഷണ ഉപകരണമാണ് ആദിത്യയിലുള്ളത്. പൂർണ സമയവും ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്. രണ്ടാം ലാഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ് സ്‌പെയ്‌സ് ടെലിസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും.
സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെ എല്ലാം നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.