ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

news image
Nov 19, 2024, 4:20 pm GMT+0000 payyolionline.in

ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒക്ടോബറില്‍ ധാരണയിലെത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ചാണ് ജയശങ്കറും വാങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ബ്രസീലിലെത്തിയത്. ജി20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിന്‍റെ പുരോഗതിയും മറ്റ് ആഗോള പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

നിലവില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ട് വിമാന സര്‍വീസില്ല. യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്നതിന് മൂന്നാമതൊരു രാജ്യത്തിലൂടെ സഞ്ചരിക്കണം. ഇതുമൂലം കൂടുതല്‍ യാത്രാനിരത്ത് നല്‍കേണ്ടിവരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസുകാര്‍ക്കും മറ്റ് സ്ഥിരം യാത്രക്കാര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍. 2020ല്‍, കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ്, ഇന്ത്യ ചൈനീസ് പൗരന്മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ‘കൂടുതല്‍ പരസ്പര വിശ്വാസത്തിന്‍റെയും സംശയം കുറയുന്നതിന്‍റെയും’ ആവശ്യകതയെക്കുറിച്ചും ചൈനീസ് വിദേശകാര്യമന്ത്രി സംസാരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe