ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം

news image
Jan 12, 2026, 2:42 pm GMT+0000 payyolionline.in

ആറളം വന്യജീവി സങ്കേതം ഇനി മുതൽ ‘ആറളം ചിത്രശലഭ സങ്കേതം’ എന്നറിയപ്പെടും. ഇതോടെ കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതം എന്ന പ്രത്യേക അംഗീകാരം ആറളത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആറളം വന്യജീവി സങ്കേതത്തിന്‍റെ പേര് ആറളം ചിത്രശലഭ സങ്കേതമായി പുനർനാമകരണം ചെയ്ത് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായും ആറളം മാറി.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1407/2025 വിജ്ഞാപനത്തിലൂടെയാണ് ഈ പേര് മാറ്റം ഔദ്യോഗികമായി നിലവിൽ വന്നത്. 1984-ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിരുന്ന പഴയ വിജ്ഞാപനത്തിലാണ് ഭേദഗതി വരുത്തിയത്.
കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ശലഭ ഇനങ്ങളിൽ ഏകദേശം 266 ഇനങ്ങൾ ആറളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മൊത്തം ശലഭ വൈവിധ്യത്തിന്റെ 80 ശതമാനത്തിലധികമാണ്. അതിനാൽതന്നെ ശലഭങ്ങളുടെ വൈവിധ്യത്തിനും സംരക്ഷണത്തിനും അതീവ പ്രധാനപ്പെട്ട കേന്ദ്രമായി ആറളം മാറുന്നു.
ഇവിടെ വൻതോതിലുള്ള ശലഭ കുടിയേറ്റങ്ങൾ പതിവായി കാണപ്പെടുന്നു. ചില സമയങ്ങളിൽ കോമൺ ആൽബാട്രോസ് പോലുള്ള ശലഭങ്ങൾ ആയിരക്കണക്കിന് എണ്ണം കുറച്ച് മിനിറ്റുകൾക്കുള്ളിൽ കടന്നുപോകുന്ന കാഴ്ചകളും ശ്രദ്ധേയമാണ്. കൂടാതെ ഈർപ്പമുള്ള മണ്ണിൽ ശലഭങ്ങൾ കൂട്ടംചേരുന്ന ‘മഡ്-പഡ്ലിങ്’ എന്ന സ്വഭാവവും ഇവിടെ സാധാരണമാണ്.
ശലഭങ്ങൾക്കൊപ്പം തന്നെ ആറളത്തിലെ നിത്യഹരിതവും അർധനിത്യഹരിതവുമായ വനങ്ങൾ മറ്റ് വന്യജീവികൾക്കും ആവാസ കേന്ദ്രമാണ്. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപെടുന്ന സ്ലെൻഡർ ലോറിസ് പോലുള്ള അപൂർവ ജീവികളും ഇവിടെ കാണപ്പെടുന്നുണ്ട്. ആറളം ശലഭ ഉദ്യാനമെന്ന പേര് മാറ്റം ജൈവ വൈവിധ്യ സംരക്ഷണത്തിലും പ്രത്യേക ഇനങ്ങളുടെ പരിപാലനത്തിലും കേരളം നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe