മുംബൈ: പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’യുടെ ശക്തി സർക്കാരിനെ അസ്വസ്ഥമാക്കുകയാണെന്നും സഖ്യത്തിനെതിരെ വിവിധ ഏജൻസികളുടെ ദുരുപയോഗം കൂടുതൽ ഉണ്ടാകുമെന്നതിനാൽ വരും നാളുകളിൽ തയ്യാറായിരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുംബൈയിൽ നടന്നുവരുന്ന ‘ഇൻഡ്യ’ പ്രതിപക്ഷ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയം കാരണം വരും മാസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾക്കും കൂടുതൽ റെയ്ഡുകൾക്കും അറസ്റ്റുകൾക്കും നാം തയ്യാറാകണം. കഴിഞ്ഞ ഒമ്പത് വർഷമായി ബി.ജെ.പിയും ആർ.എസ്.എസും പടർത്തിയ വർഗീയ വിഷം ഇപ്പോൾ നിരപരാധികളായ ട്രെയിൻ യാത്രക്കാർക്കെതിരെയും സ്കൂൾ കുട്ടികൾക്കെതിരെയും തിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹംപറഞ്ഞു. ഗൃഹപാഠം പൂർത്തിയാക്കാത്തതിന്റെ പേരിൽ മുസ്‌ലിം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട യു.പിയിലെ അധ്യാപികയെയും റെയിൽവേ പോലീസ് കോൺസ്റ്റബിൾ ട്രെയിനിലെ ആളുകളെ വെടിവെച്ചുകൊന്ന സംഭവവും ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വേച്ഛാധിപത്യ ഗവൺമെന്റിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ നിന്ന് പട്‌നയിലെയും ബെംഗളൂരുവിലെയും രണ്ട് മീറ്റിംഗുകളുടെ വിജയം അളക്കാൻ കഴിയും. തങ്ങളുടെ സഖ്യത്തിന് കൂടുതൽ അടിത്തറ ലഭിക്കുന്തോറും ബിജെപി സർക്കാർ ഞങ്ങളുടെ നേതാക്കൾക്കെതിരെ ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.