‘ഇനിയൊരു ഷഹ്ന ആവർത്തിക്കരുത്’; പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വിതുമ്പി അധ്യാപകരും സഹപാഠികളും

news image
Dec 8, 2023, 3:53 am GMT+0000 payyolionline.in

തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹ്നയെക്കുറിച്ച് ഓർത്ത് അധ്യാപകരും സഹപാഠികളും വിതുമ്പി. ഷഹ്നയില്ലാത്ത നാലാം ദിനത്തിലായിരുന്നു അവളുടെ ഓർമ്മകൾ പങ്കുവെച്ച് കോളേജിലെ സഹപാഠികളും അധ്യാപകരും രം​ഗത്തെത്തിയത്. ഞായറാഴ്ച വരെ ഒപ്പമുണ്ടായിരുന്നവള്‍ ഇനിയില്ലെന്ന് വിശ്വസിക്കാൻ പല‍ർക്കും ഇനിയും സാധിച്ചിട്ടില്ല. ഷഹ്നയെക്കുറിച്ചോർത്തപ്പോള്‍ പലപ്പോഴും സുഹൃത്തുക്കളുടെ തൊണ്ടിയടറി. ഇനിയൊരു ഷഹ്ന ആവർത്തിക്കരുതെന്ന് ​ദൃഢപ്രതിജ്ഞയെടുത്താണ് ഓരോ വിദ്യാർത്ഥിയും മടങ്ങിയത്.

അതേസമയം, സംഭവത്തിൽ അറസ്റ്റിലായ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്‍റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.

ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്‍റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വ‍ഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഷഹ്ന എഴുതിയആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാതലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്‍റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, അന്വേഷണം റുവൈസിന്റെ ബന്ധുക്കളിലേക്കും നീളുമെന്നാണ് സൂചന. റുവൈസിന്റെ പിതാവ്  കൂടുതൽ സ്വർണം ചോദിച്ചത് കൊണ്ടാണ് റുവൈസ് പിൻമാറിയതെന്ന് ഷഹ്നയുടെ സഹോദരൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe