ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് വിദ്യയോട് കോളേജ് അധികൃതർ, ആരു പറഞ്ഞെന്ന് വിദ്യ; ഫോൺ കോൾ പരിശോധിക്കും

news image
Jun 13, 2023, 4:56 am GMT+0000 payyolionline.in

പാലക്കാട്: വിദ്യയും അട്ടപ്പാടി കോളേജ് അധികൃതരും തമ്മിൽ നടത്തിയ ഫോൺ വിളിയുടെ രേഖകൾ പൊലീസ് പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് സംശയം തോന്നിയപ്പോൾ ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യ മറുപടി പറഞ്ഞതായി അട്ടപ്പാടി കോളേജ് അധികൃതർ പറഞ്ഞു.

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ കോളേജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യാ മറുപടി പറഞ്ഞുവെന്ന് അധികൃതർ പറയുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ തിരിച്ച് ചോദിച്ചപ്പോൾ മഹാരാജാസ് കോളേജ് എന്ന് അധികൃതരാണെന്ന് മറുപടി നൽകിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിന് മറുപടിയായി താൻ അന്വേഷിക്കട്ടെ എന്നായിരുന്നു വിദ്യയുടെ മറുപടി. അതേസമയം, വിദ്യയും കോളേജ് അധികൃതരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പൊലീസ് പരിശോധിക്കാനൊരുങ്ങുകയാണ്.

അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

 

 

ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe