ഇടുക്കി ഡാമിന് സമീപം കൂറ്റന്‍പാറ അടര്‍ന്നുവീണു

news image
Jul 12, 2024, 5:00 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം കൂറ്റന്‍പാറ അടര്‍ന്നുവീണു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പാറ വീണത്. അണക്കെട്ടിന്റെ ഗേറ്റിന് സമീപത്ത് കുറത്തിമലയില്‍ നിന്നാണ് പാറ വീണത്.

അണക്കെട്ടിന്റെ കിഴക്കുഭാഗത്തെ ഗേറ്റിന് മുന്‍പില്‍ വന്നുപതിച്ച പാറ പൊട്ടിച്ചിതറി ഒരുഭാഗം ഗേറ്റിന്റെ ഭിത്തിയില്‍ ഇടിച്ച് താഴേക്കുവീണു. വിള്ളലുള്ള പാറക്കഷണങ്ങള്‍ മഴപെയ്ത് അടിഭാഗത്തെ മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് അടര്‍ന്ന് താഴേക്ക് പതിക്കാറുണ്ടെന്ന് ഇടുക്കി ഡാം സുരക്ഷാ വിഭാഗം ജീവനക്കാര്‍ പറഞ്ഞു.

കുറത്തിമലയില്‍നിന്ന് മുമ്പ് പാറ അടര്‍ന്ന് അണക്കെട്ടിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുന്ന സുരക്ഷാജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് കേടു സംഭവിച്ചിരുന്നു. കുറത്തിമലയുടെ അടിവാരം ജനവാസമേഖലയാണ്. ഡാം ടോപ്പില്‍ സദാ സമയവും വാഹനങ്ങളും സന്ദര്‍ശകരുമുണ്ട്. ഇവര്‍ക്കെല്ലാം പാറക്കൂട്ടം ഭീഷണിയാണ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കൗണ്ടര്‍ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് പാറക്കൂട്ടം അടര്‍ന്നുവീണത്. പുലര്‍ച്ചെ ആയതിനാല്‍ സമീപത്ത് ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല.  പാറവീഴ്ച സമീപവാസികള്‍ക്കും വലിയ ഭീഷണിയായി. അണക്കെട്ടിന് സമീപത്തെ വൈശാലിമലയില്‍നിന്ന് 2013 ജൂലായ് 15-ന് ഇത്തരത്തില്‍ കൂറ്റന്‍പാറ അടര്‍ന്ന് ചെറുതോണിയാറ്റില്‍ പതിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe