ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ. പന്ത്രണ്ട് പേർ കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യം സംഘം ഏറ്റെടുത്തത്. ചെറുകിടക്കാറെ ഒഴിപ്പിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ചിന്നക്കനാൽ വില്ലേജിലെ സർവ്വേ നമ്പർ 34/1 ൽ പെട്ട ഭൂമിയാണ് ഒഴിപ്പിച്ചത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് നൽകാൻ അളന്ന് തിരിച്ചിട്ടിരുന്ന ഭൂമി പന്ത്രണ്ടോളം പേർ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിനെതിരെ ഇവർ റവന്യൂ വകുപ്പിന് നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഹൈക്കോടതിൽ ഫയൽ ചെയ്തിരുന്ന കേസിൽ ഇവരെ ഒഴിപ്പിക്കണമെന്ന് ഓഗസ്റ്റിൽ വിധി വന്നു. തുടർന്ന് കഴിഞ്ഞ ഏഴാം തീയതി ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ഒഴിയാൻ തയ്യാറായാകാതെ വന്നതിനെ തുടർന്നാണ് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമി പിടിച്ചെടുത്തത്.