ഇടുക്കിയിലും വയനാട്ടിലുമായി രണ്ടുമാസത്തിനിടയിൽ കാട്ടാനക്കലിയിൽ പൊലിഞ്ഞത് 8 ജീവനുകൾ

news image
Mar 5, 2024, 4:08 am GMT+0000 payyolionline.in

തിരുവനന്തപുരം: വന്യമൃഗ ആക്രമണത്തിൽ വീട്ടുമുറ്റത്ത് മനുഷ്യർ മരിച്ചുവീഴുന്നത് കേരളത്തിൽ പതിവാകുന്നു. 2 മാസത്തിനിടെ കേരളത്തിലെ ഇടുക്കിയിലും വയനാട്ടിലുമായി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് 8 പേരാണ്. ബന്ധുക്കളുടേയും പ്രതിപക്ഷത്തിന്റേയും പ്രതിഷേധത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിലും മെല്ലപ്പോക്ക് സമീപനമാണ് സർക്കാരിന്റേത്.

ഇടുക്കിയിൽ 2 മാസത്തിനിടെ കാട്ടാന കൊന്നത് 5 പേരെയാണ്.

1. ജനുവരി എട്ടിന് മൂന്നാർ പന്നിയാർ എസ്റ്റേറ്റിലെ പരിമളം

2. ജനുവരി 23ന് മൂന്നാർ തെൻമലയിലെ പാൽരാജ്

3. ജനുവരി 26ന് മൂന്നാർ ചിന്നക്കനാൽ സ്വദേശിയായ സൗന്ദർ രാജൻ

4. ഫെബ്രുവരി 26ന് മൂന്നാർ കന്നിമലയിലെ സുരേഷ് കുമാർ 

5. മാർച്ച് നാലിന് കോതമംഗലം സ്വദേശിനിയായ ഇന്ദിര

വയനാട്ടിൽ കൊല്ലപ്പെട്ടത് 3 പേരാണ്

1. ജനുവരി 31 ന് മാനന്തവാടി തോൽപ്പെട്ടി നരിക്കല്ല് സ്വദേശിയായ ലക്ഷ്മണൻ

2. ഫെബ്രുവരി 10 ന് മാനന്തവാടി പടമല സ്വദേശിയായ അജീഷ്

3. ഫെബ്രുവരി 16ന് പനമരം പാക്കം സ്വദേശിയായ പോൾ, കുറുവാ ദ്വീപിലെ ജീവനക്കാരനായിരുന്നു പോൾ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും വിതരണം ചെയ്യുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണ്. പരിമളത്തിന്റെ ബന്ധുക്കൾക്ക് ഇതുവരെ നൽകിയത് അഞ്ചര ലക്ഷം രൂപയാണ്. കന്നില സ്വദേശി സുരേഷ് കുമാറിന് ഒരു ദിവസത്തിനുള്ളിൽ 10 ലക്ഷം രൂപ നൽകാൻ സർക്കാരിന് സാധിച്ചു. എന്നാൽ ബിഎൽറാം സ്വദേശി സൗന്ദർ രാജന് ഇതുവരെ നൽകിയത് രണ്ടര ലക്ഷം രൂപയാണ്. എന്നാൽ തെൻമല സ്വദേശി പാൽരാജിന്റെ ബന്ധുക്കൾക്ക് ഇനിയും നഷ്ടപരിഹാരം നൽകാനായിട്ടില്ല. ബന്ധുത്വ രേഖകൾ ഹാജരാക്കിയില്ലെന്നാണ് സർക്കാർ ഇതിന് കാരണമായി കാണിക്കുന്നത്.

കടുവ, പുലി, മാൻ, കുരങ്ങ് ഇങ്ങനെ വന്യജീവികൾ നാട്ടിൻ പുറത്ത് വ്യാപകമാണ്. ഇതിനെല്ലാം പുറമേയാണ് വീട്ട് മുറ്റത്തേക്ക് എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർ. രാത്രി പകൽ വ്യത്യാസമില്ലാതെ വിളകൾ നശിപ്പിക്കുകയും ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പതിവായിട്ടും നാട്ടിലിറങ്ങുന്ന വന്യജീവികളെ കൈകാര്യം ചെയ്യുന്നതിൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് വലിയ വീഴ്ചയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe