ഇടയ്ക്കിടെ ശകാരിക്കുന്നത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി, പിന്നാലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു

news image
Apr 9, 2026, 9:49 am GMT+0000 payyolionline.in

മലപ്പുറം: എആർ നഗർ കൊടുവായൂരിൽ സഹകരണ ബാങ്കിനുസമീപം അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യം നടത്തിയത് ചൊവ്വാഴ്ച്ച പുലർച്ചെ ഒന്നിനെന്ന് പൊലീസ്. പ്രതിയായ പദം ഗദാബയെ (36) ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്. ഒഡിഷ സ്വദേശി ഇന്ദർ ബദ്ര (48) യെയാണ് താമസസ്ഥലത്തെ ഓപ്പൺ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി പദം ഗദാബ പലപ്പോഴും സഹതാമസക്കാരുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് കൂടെയുള്ളവർ പറഞ്ഞു. പ്രതിതന്നെയാണ് പുലർച്ചെ കൂടെ റൂമിലുണ്ടായിരുന്നവരെ വിളിച്ച് താൻ ഇന്ദറിനെ കൊലപ്പെടുത്തിയകാര്യം അറിയിച്ചതും.

പിന്നാലെ ഇന്ദർ ബദ്ര സാധാരണ കിടന്നുറങ്ങാറുള്ളിടത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ കൂട്ടുകാർ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വേങ്ങര പൊലീസ് മൊബൈൽ ലൊക്കേഷൻ നോക്കി അന്വേഷണം ആരംഭിച്ചു. തുടർന്ന് വേങ്ങര അങ്ങാടിയിൽ നിന്നാണ് ബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പിടികൂടിയത്. ഇടക്കിടക്ക് തന്നെ ശകാരിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്എച്ച്ഒ പ്രജീഷിൻറെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പരിശോധനക്കു ശേഷം ഒഡിഷയിലേക്ക് കൊണ്ടുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe