തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ കൃത്യമായ ഇടപെടലുമായി സർക്കാർ. കാസർഗോഡ്,മലപ്പുറം ജില്ലകളിൽ താൽക്കാലിക അധികബാച്ചുകൾ അനുവദിച്ചു. സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ടുമെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായാണ് അധിക ബാച്ചുകൾ അനുവദിച്ചത്.
മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകളും കാസറഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2023-24 അധ്യയന വർഷത്തിൽ ആകെ 4,25,671 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ,എയ്ഡഡ് മേഖലയിൽ 3,78,580 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.