ഇങ്ങനെയാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ല: മുന്നറിയിപ്പുമായി കെ.മുരളീധരൻ

news image
Jan 9, 2024, 11:39 am GMT+0000 payyolionline.in

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അതിരാവിലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.മുരളീധരൻ എംപി. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് മുരളീധരൻ മുന്നറിയിപ്പു നൽകി. അറസ്റ്റ് വാറന്റ് ഉണ്ട് എന്നു പറഞ്ഞാൽ പൊലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല രാഹുൽ. പിണറായിക്കെതിരെ ആരെങ്കിലും സമരത്തിനു പോയാൽ, അവരെ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്നുള്ള സന്ദേശമാണ് ഈ അറസ്റ്റിലൂടെ നൽകുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

‘‘ഇന്നു പുലർച്ചെ, ഒരു പിടികിട്ടാപ്പുള്ളിയെ പിടിക്കുന്നതു പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ കയറി ജനലിലൊക്കെ അടിച്ച് ബഹളമുണ്ടാക്കി അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് വാറന്റ് ഉണ്ട് എന്നു പറഞ്ഞാൽ പൊലീസിലോ കോടതിയിലോ ഹാജരാകാൻ മടിയുള്ള ആളല്ല രാഹുൽ. ഇത് ഒരു ഭീഷണിയാണ്. പിണറായിക്കെതിരെ ആരെങ്കിലും സമരത്തിനു പോയാൽ, അവരെ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുമെന്നുള്ള സന്ദേശമാണ് ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നത്.

 

 

‘‘ഞങ്ങൾ പറയാനുള്ളത് ഒന്നേയുള്ളൂ. കേരള പൊലീസ് തെരുവുഗുണ്ടകളുടെ ഒരു സംഘമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ഡിജിപി എന്ന ഉദ്യോഗസ്ഥനെ പിണറായി ബന്ദിയാക്കി വച്ചിരിക്കുകയാണ്. പകരം ഭരണം നടത്തുന്നത് പിണറായിയുടെ ഓഫിസാണ്. പിണറായിയുടെ ഓഫിസിലുള്ള പാർട്ടി സഖാക്കൾ ഡിജിപിയെ ബന്ദിയാക്കി നിർദ്ദേശങ്ങൾ കൊടുക്കുകയാണ്. അവർ യുഡിഎഫിനെ ദ്രോഹിക്കുന്നു, കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്നു.

‘‘അതിന്റെ ഒരു ഉദാഹരണമാണ് കഴിഞ്ഞ 23ലെ ഡിജിപി ഓഫിസ് മാർച്ചിൽ ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്. ഏഴ് എംപിമാരും ആറ് എംഎൽഎമാരും അടങ്ങുന്ന ഒരു മാർച്ചിനെതിരെ ഒരു മുന്നറിയിപ്പും കൂടാതെയാണ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. ഈ നാട്ടിൽ കൊള്ളക്കാരും കൊള്ളിവയ്പ്പു നടത്തുന്നവരും അഴിഞ്ഞാടുമ്പോൾ, യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ കൊള്ളക്കാരനെ എന്നപോലെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.

‘‘ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. പാർട്ടി തലത്തിൽ ആലോചിച്ച് തുടർ സമരങ്ങൾ തീരുമാനിക്കും. അതു തീരുമാനിച്ചു കഴിഞ്ഞാൽ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല.

‘‘മുൻപ് സെക്രട്ടേറിയറ്റ് മാർച്ച് നടന്നപ്പോൾ, ഡിസിസി ഓഫിസിൽ കയറാൻ പോലും പൊലീസിനു നിർദ്ദേശം നൽകിയതാണ്. പക്ഷേ പൊലീസിൽ ചിലർക്ക് ഭാവിയേക്കുറിച്ച് നല്ല വിവരമുള്ളതുകൊണ്ട് അവർ അതിനു തയാറായില്ല. ആരൊക്കെയാണെന്നു ഞാൻ പറയുന്നില്ല. എന്തായാലും ഇതിനെ ഞങ്ങൾ വെറുതേ വിടുന്നില്ല. തെരുവിൽ ഇറങ്ങേണ്ടി വന്നാൽ ഞങ്ങൾ ഇറങ്ങും. അക്കാര്യത്തിൽ ആരെയും ഭയമില്ല.’’ – മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe