ആർ.ബി.ഐ ഉൾപ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി; നിർമല സീതാരാമനും ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യം

news image
Dec 26, 2023, 2:18 pm GMT+0000 payyolionline.in

മുംബൈ: ആർ.ബി.ഐ ഉൾപ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി. റിസർവ് ബാങ്കിന് പുറമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവക്കും ബോംബ് ഭീഷണിയുണ്ട്. മുംബൈയിൽ 11 ഇടങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശമാണ് പൊലീസിന് ലഭിച്ചത്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവർ രാജിവെക്കണമെന്നാണ് ഭീഷണി സന്ദേശം അയച്ചവരുടെ ആവശ്യം. ആർ.ബി.ഐയിൽ ഉൾപ്പടെ പ്രമുഖ ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾ വലിയ അഴിമതി നടത്തിയിട്ടുണ്ട്. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിനും ധനകാര്യമന്ത്രി നിർമലസീതാരാമനും അഴിമതിയിൽ പങ്കുണ്ട്. ബാങ്കിങ് മേഖലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നും ഇമെയിൽ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്.

11 ഇടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ച വിവരം മുംബൈ ​​പൊലീസും സ്ഥിരീകരിച്ചു. ആർ.ബി.ഐ ന്യു സെൻട്രൽ ബിൽഡിങ്, എച്ച്.ഡി.എഫ്.സി ഹൗസ് ചർച്ച്ഗേറ്റ്, ഐ.സി.ഐ.സി.ഐ ബാങ്ക് ടവർ എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടു​ണ്ടെന്ന സന്ദേശമാണ് ലഭിച്ചതെന്ന് മുംബൈ പൊലീസ് വിശദീകരിച്ചു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ പരിശോധന നടത്തിയെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നവംബറിൽ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശവും ലഭിച്ചിരുന്നു. ടെർമിനൽ രണ്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്നായിരുന്നു സന്ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe