ആശുപത്രിയിൽ സൗകര്യങ്ങളില്ല, മരണം വരെ സംഭവിക്കാം’; കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു

news image
Mar 11, 2026, 1:56 pm GMT+0000 payyolionline.in

പത്തനംതിട്ട: സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കൽ കോളേജില്‍ നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു.
വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയാണ് കോന്നി മെഡിക്കൽ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങൾ സൂചിപ്പിച്ചാണ് നോട്ടീസ്. ഇത്രയൊക്കെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരണം വന്നാൽ കൂടെയും ഓപ്പറേഷൻ ചെയ്യാൻ പൂർണ്ണ സമ്മതമാണെന്ന് രോഗി അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. സംഭവത്തിൽ സർജറി വിഭാഗം മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe