തിരുവനന്തപുരം > റേഷൻ കാർഡ് മസ്റ്ററിങ് പുനഃക്രമീകരണത്തിൽ ഇന്ന് മസ്റ്ററിങ് നടത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമേ നാളെ മുതൽ നടത്തണോ വേണ്ടേ എന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. മസ്റ്ററിങിന് ആവശ്യമെങ്കിൽ കൂടുതൽ ദിവസം അനുവദിക്കും. റേഷൻ വിതരണം ഇന്ന് നിർത്തിവെയ്കാനും നിർദേശിച്ചു.
മുൻഗണന കാർഡ്കാരുടെ മസ്റ്ററിംങ് ആണ് ഇന്ന് ആരംഭിച്ചത്. സാങ്കേതിക തകരാറ് കാരണം മസ്റ്ററിംങ് അസൗകര്യം ഉണ്ടാക്കി. അരി വിതരണം മൂന്നുദിവസം നിർത്തിവച്ചാണ് മസ്റ്ററിംഗിന് തീരുമാനിച്ചിരുന്നത്. എന്നാൽ റേഷൻ കടയിൽ എത്തിച്ചേർന്ന കാർഡ് ഉടമകൾക്ക് അസൗകര്യം ഉണ്ടായ പശ്ചാത്തലത്തിൽ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
മഞ്ഞ കാർഡുക്കാർക്ക് മാത്രമായിരിക്കും ഇന്ന് മസ്റ്ററിംഗ് നടത്തുക. 3 ദിവസം റേഷൻ കടയിലൂടെ അരി വിതരണം നടത്തരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചു. ഇത് പ്രതിസന്ധിക്ക് കാരണമായി. കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ മസ്റ്ററിംഗ് നടത്തുകയാണ് ലക്ഷ്യം. കടകളിൽ എത്തിയ മഞ്ഞ കാർഡുകാർക്ക് തിരികെ പോകുന്നത് ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിലാണ് മഞ്ഞ കാർഡുടമകൾക്ക് മാത്രമായി ഇന്ന് മസ്റ്ററിംഗ് ക്രമീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.