ആലത്തൂരിലെ അസ്നയുടെ മരണം: ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

news image
Apr 13, 2026, 7:12 am GMT+0000 payyolionline.in

പാലക്കാട്: ആലത്തൂരിൽ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ച 20 വയസ്സുകാരി അസ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. അസ്നയുടേത് ആത്മഹത്യയല്ലെന്നും ഭർതൃവീട്ടിൽ കൊടിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടതെന്നും മാതാപിതാക്കൾ ആരോപിച്ചു. ഏപ്രിൽ ആറിനാണ് ചികിത്സയിലിരിക്കെ അസ്ന മരിച്ചത്.

അസ്നയെ ഭർത്താവ് അബ്ദു റഹ്മാനും മാതാവും ചേർന്ന് നിരന്തരം ചൂഷണം ചെയ്തിരുന്നതായി കുടുംബം പറയുന്നു. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. വിഷം ഉള്ളിൽച്ചെന്ന വിവരമോ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യമോ ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ലെന്നും മരിച്ച വിവരം പോലും പിറ്റേന്നാണ് അറിഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു.

അസ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ബന്ധുക്കളുടെ നിലപാട്. സംഭവത്തിൽ പോലീസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe