ആറ്റുകാൽ പൊങ്കാല : എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം – വീണ ജോര്‍ജ്

news image
Mar 12, 2025, 10:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് എത്തുന്ന എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്. ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം. അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വെക്കരുത്.

തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വെക്കണം. വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക. തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം. പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.

വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. പൊങ്കാലക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.

ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കണം.

ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറക്കണം. ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കണം. തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയണം. ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കണം.

ഇടക്ക് കൈകാലുകളും മുഖവും കഴുകണം. ഇടക്കിടെ തണലത്ത് വിശ്രമിക്കണം. കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കൈയില്‍ കരുതണം.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം. തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കണം. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe