തിരുവനന്തപുരം∙ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശത്തിന് വിജയം. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരന്‍ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.
പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭാസുരേന്ദ്രൻ കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് ആറ്റിങ്ങലിലെത്തിയത്. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 380995 വോട്ടു നേടിയപ്പോൾ സിപിഎം സ്ഥാനാർഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകൾ. അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 38247 വോട്ട്. വോട്ട് വിഹിതം വർധിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ താൽപര്യം വർധിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഈ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.