കല്യാശ്ശേരി: സൈബർ ലോകത്ത് അരങ്ങുവാണ ‘തൊപ്പി’ക്കാരൻ മണ്ണിലിറങ്ങി ഒടുവിൽ കേസും കൂട്ടുമായപ്പോൾ നാട്ടുകാരും ചോദിക്കുന്നു; ആരാണ് ഈ തൊപ്പി. മാങ്ങാട് പള്ളിക്കു സമീപത്തെ തൊപ്പിക്കാരന്റെ വിശേഷം അന്വേഷിക്കുമ്പോൾ ‘ഇവിടെ ആരും അടുത്തൊന്നും കണ്ടില്ലെ’ന്ന ഒറ്റ മറുപടിയാണ് നാട്ടുകാരിൽനിന്ന് ലഭിക്കുക.
വളാഞ്ചേരിയിലെ ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയതും തടിച്ചുകൂടിയ ജനവും കണ്ടാണ് തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ പലരുമറിയുന്നത്. യൂട്യൂബിൽ ഏഴുലക്ഷത്തോളം സബ്സ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാമിൽ ഏഴര ലക്ഷത്തോളം ഫോളോവേഴ്സുമുള്ള വ്ലോഗറാണ് ഈ തൊപ്പിയെന്ന് നാട്ടുകാർപോലുമറിയുന്നത് ഇപ്പോഴാണ്.
മാങ്ങാട് പള്ളിക്കു സമീപത്താണ് നിഹാദിന്റെ വീടെങ്കിലും ഇവിടെനിന്ന് എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് വർഷങ്ങളായി. വീട്ടുകാരുമായി ഉടക്കിയാണ് ഈ പറിച്ചുനടൽ. കുട്ടിക്കാലം മുതൽ മൊബൈൽ ഗെയിം ലഹരിയാണ് നിഹാദിന്.
പിതാവ് ജോലിചെയ്യുന്ന സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പണം ചോദിച്ചു കിട്ടാത്തതിന് മാങ്ങാട് അങ്ങാടിയിലെ കടയിൽനിന്ന് പണമെടുത്ത് നിഹാദ് ഓടി.
നാട്ടുകാർ കൈയോടെ പിടികൂടി കെട്ടിയിട്ടെന്നും ആ രംഗം കണ്ട് മാതാവ് ബോധംകെട്ടുവീണതായും നിഹാദ് തന്നെ വിവിധ ഓൺലൈൻ അഭിമുഖങ്ങളിൽ പറയുന്നു. ഈ സംഭവത്തോടെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പുറത്തായി. പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും പലവിധ പരിഹാസങ്ങളാൽ അതും പാതിവഴിയിൽ അവസാനിപ്പിച്ചു.
അന്ന് പുസ്തകം മടക്കിവെച്ച് അടച്ചിട്ട മുറിയിലേക്കാണ് നിഹാദ് പോയത്. പുറംലോകവുമായി ഒരു ബന്ധവുമില്ല. ഭക്ഷണം കഴിക്കാൻ മാത്രം പുറത്തിറങ്ങും. മുഴുസമയം ഓൺലൈനിൽ. ഒന്നിച്ചാണ് താമസമെങ്കിലും പിതാവിനോട് അന്നുമുതൽ മിണ്ടിയിട്ടില്ല.
അടച്ചിട്ട മുറിയിലിരുന്ന് ഓൺലൈനിൽ സജീവമാവുന്നതിനിടെയിലാണ് യൂട്യൂബ് വരുമാനമെന്ന ചിന്തയിലേക്ക് കടക്കുന്നത്. ലൈവ് ഗെയിം വിഡിയോകളാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്നത്. ആരാധകരായി ഒട്ടേറെ പേർ. അധികവും സ്കൂൾകുട്ടികൾ. അശ്ലീല ഭാഷയും ലൈംഗികച്ചുവയുള്ള ആംഗ്യവുമാണ് പലതിലും ഉള്ളത്. എന്തിനും ഏതിനും തെറിയോടെയാണ് എതിരേൽക്കുന്നത്.
അത്യാവശ്യം വരുമാനവും ആ വഴിക്ക് കിട്ടിത്തുടങ്ങിയതോടെ താമസം എറണാകുളത്തേക്ക് മാറ്റി. സമൂഹവുമായി ഒരു ബന്ധവുമില്ലാത്തതിനാൽ തെറിയേത് അല്ലാത്തതേത് എന്നൊന്നും നിഹാദിന് വലിയ ധാരണയില്ല. തോന്നുന്നത് എന്തോ അത് വിളിച്ചുപറയും. നല്ലൊരു കോമാളിയായാണ് കുട്ടികളും കാണുന്നത്.