തിരുവനന്തപുരം > ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് കേരളം. 2023ൽ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദർശകർ കേരളത്തിൽ എത്തിയെന്നും മുൻവർഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വർധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022 ൽ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വർധിച്ചു. 2023 ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത്, 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് തുടർന്നുവരുന്നത്.
കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ട്. 2022 ൽ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കിൽ 2023 ൽ 6,49,057 പേരായി വർധിച്ചു. 87.83 ശതമാനത്തിൻറെ വളർച്ചയാണിത്. 2,79,904 വിദേശസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട്.
വിനോദസഞ്ചാരികളുടെ വരവിലെ ഈ സർവകാല റെക്കോർഡ് കോവിഡ് ആഘാതത്തിൽ നിന്നുള്ള അതിശയകരമായ വീണ്ടെടുപ്പിനൊപ്പം എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനായി മാറുന്ന കേരളത്തിനുള്ള അംഗീകാരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടെങ്കിലും പഴയ സ്ഥിതിയിലേക്ക് എത്താൻ അൽപ്പം കൂടി സമയമെടുക്കും. വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഉൾപ്പെടെ ഇതിന് കാരണമാണ്. ഈ വെല്ലുവിളികൾക്കിടയിലും വിദേശസഞ്ചാരികളുടെ വരവിൽ ക്രമാനുഗതമായ വർധനവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം കേരളത്തിൽ നടക്കുന്ന അന്താരാഷ്ട്ര സാഹസിക വിനോദ ചാമ്പ്യൻഷിപ്പുകൾ വിദേശസഞ്ചാരികളെ ആകർഷിച്ചേക്കും. മലബാറിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നതിനായി പ്രത്യേക പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിലും ഇടുക്കിയിലും നിലനിൽക്കുന്ന വന്യജീവി സംഘർഷം ടൂറിസം പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സർഫിംഗ് പരിശീലിപ്പിക്കാൻ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലബ്ബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇത്തരം സാഹസിക വിനോദ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബുകൾക്ക് രജിസ്ട്രേനും ലൈസൻസും നിർബന്ധിതമാക്കി ഏകീകൃത രൂപം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിനകത്തും പുറത്തും കേരളം നടപ്പാക്കിയ ടൂറിസം പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിനോദസഞ്ചാരികളുടെ വരവിലെ വർധനവിൽ പ്രതിഫലിക്കുന്നതെന്ന് ടൂറിസം ഡയറക്ടർ പി ബി നൂഹ് പറഞ്ഞു. സുസ്ഥിര, അനുഭവവേദ്യ വിനോദസഞ്ചാരത്തിന് ഊന്നൽ നൽകിയും പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതും സാഹസിക വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുന്നതും ഉൾപ്പെടെയുള്ള കേരള ടൂറിസത്തിൻറെ പുതിയ ആശയങ്ങൾ കൂടുതൽ വിദേശസഞ്ചാരികളെ ആകർഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.