ആന എഴുന്നള്ളിപ്പ്; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്’: ഹൈക്കോടതി

news image
Nov 14, 2024, 3:19 pm GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.

തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളത്തിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കേസിൽ  നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ദേവസ്വങ്ങള്‍ക്കാണ് നിര്‍ദേശം നൽകിയത്. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും എന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആണ് നിർദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe