ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേർ മുങ്ങിമരിച്ചു

news image
Feb 18, 2025, 2:16 pm GMT+0000 payyolionline.in

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്.  ഇന്ന് രാവിലെ മുതൽ ഫയർ ഫോഴ്സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ആനയിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെയാണ് ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവിദിച്ചില്ല, മടക്കി അയച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിൽ എത്തുകയായിരുന്നു. ഇക്കാര്യം ഡാം വാച്ചറോ സുഹൃത്തുക്കളോ അറിഞ്ഞില്ലെന്നാണ് വിവരം.

ഇന്ന് രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്‌സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപെട്ടെന്ന് സംശയം ഉയർന്നത്. ഇവിടെ ഡാമിന് സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഡാമിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെ വനം വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe