ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് വി. ശിവൻകുട്ടി

news image
Aug 5, 2023, 11:59 am GMT+0000 payyolionline.in

തിരുവനന്തപുരം: ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (സ്‌കൂൾ വിദ്യാഭ്യാസം) 2023 ന്റെ കരട് തയാറായി. പാഠപുസ്തക രചന പുരോഗമിക്കുകയാണ്.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിൽ കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ തയാറാക്കി. എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് അഡീഷണൽ പാഠപുസ്തകങ്ങൾ. അഡീഷണൽ പാഠപുസ്തകങ്ങൾ സെപ്തംബർ മാസത്തോടെ കുട്ടികളുടെ കൈകളിലെത്തും.

സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താൽക്കാലിക അധ്യാപകർക്ക് ഓണത്തിന് മുമ്പ് തന്നെ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഡി.ഡി.ഒ. ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രെജിസ്റ്റർ ചെയ്യുന്നത്. ഒരെണ്ണം രെജിസ്റ്റർ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും.

പതിനൊന്നായിരത്തി ഇരുന്നൂറ് (11,200) താൽക്കാലിക അധ്യാപകരെ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും. ഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിൽ ഡി.ഡി. മാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്. ഇക്കാര്യത്തിൽ ധനവകുപ്പുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe