ആദ്യമായി ചെയ്ത കുറ്റത്തിന് ശിക്ഷാ കാലയളവിൽ ഇളവ്; മാർഗരേഖയ്ക്കു മന്ത്രിസഭയുടെ അംഗീകാരം

news image
Jan 19, 2024, 10:42 am GMT+0000 payyolionline.in

തിരുവനന്തപുരം: ആദ്യമായി ചെയ്ത കുറ്റകൃത്യത്തിനു 10 വർഷം വരെ തടവുശിക്ഷ ലഭിച്ചവരിൽ പകുതി ശിക്ഷാ കാലയളവ് പൂർത്തിയാക്കിയവർക്ക് ഇളവു നൽകി വിട്ടയയ്ക്കുന്നതിനുള്ള മാർഗരേഖയ്ക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്.

വിവിധ ഘട്ടങ്ങളിലായി ലഭിക്കുന്ന ശിക്ഷയിളവ് ഉൾപ്പെടാതെ പകുതി ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെ വിട്ടയയ്ക്കുന്ന പട്ടികയിൽ ഉൾപ്പെടുത്താം. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടവർക്കും പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും ഒറ്റത്തവണ ശിക്ഷാ ഇളവിന്റെ ആനുകൂല്യം ലഭിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർക്കും വിദേശ പൗരൻമാർക്കും ഇളവില്ല. പ്രത്യേക ശിക്ഷയിളവോ മറ്റു പദ്ധതികൾ അനുസരിച്ച് ഇളവോ ലഭിച്ചവർക്കും അർഹതയില്ല. 1985 ലെ ടാഡാ ആക്ട്, 2002 ലെ പോട്ട ആക്ട്, യുഎപിഎ, ദേശീയ സുരക്ഷാ ആക്ട്, ഒഫിഷ്യൽ സീക്രട്ട് ആക്ട്, ആന്റി ഹൈജാക്കിങ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിച്ചവർ എന്നിവരെ ഇളവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലഹരിമരുന്നു കേസിലെ പ്രതികൾ, തീവ്രവാദവുമായി ബന്ധപ്പെട്ട കേസുക‍ൾ, രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ, മറ്റു ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ എന്നിവർക്കും ഇളവില്ല. അർഹതയുള്ളവരെ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി തലവനായുള്ള സമിതിയാണ് കണ്ടെത്തുക. നിയമ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജയിൽ ഡിജിപി എന്നിവർ ഇതിൽ അംഗങ്ങളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe