വിഴിഞ്ഞത്ത് ആദ്യകപ്പൽ 15ന് അടുക്കും; വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമെന്ന് മന്ത്രി

news image
Oct 11, 2023, 3:13 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15ന് അടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വൈകിട്ട് നാലിന് എത്തുന്ന കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായാകും കപ്പൽ എത്തുക. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക. ലോകത്തെ വലിയ കപ്പലുകൾക്കുപോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം തുറമുഖത്തുണ്ടെന്നു വിഴിഞ്ഞം തുറമുഖം സന്ദർശിച്ചശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

‘‘മലയാളികളെ സംബന്ധിച്ച് വലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറും. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വന്നുപോകാൻ കഴിയുന്നതാകും വിഴിഞ്ഞം തുറമുഖം. മറ്റും തുറമുഖങ്ങളിലെല്ലാം കപ്പൽ വരാനുള്ള സൗകര്യമൊരുക്കുന്നത് കോടിക്കണക്കിനു രൂപയുടെ ഡ്രഡ്ജിങ് നടത്തിയാണ്. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല. 20 മീറ്ററിൽ കൂടുതൽ ആഴം വിഴിഞ്ഞം തുറമുഖത്തിന് സ്വാഭാവികമായി ഉണ്ട്. അതുകൊണ്ട് കപ്പലുകൾക്ക് അനായാസം വന്നുപോകാൻ സഹായകമാകും.  രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. വിദേശ രാജ്യങ്ങളിൽനിന്നു കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ കുറഞ്ഞ ചെലവിൽ വിഴിഞ്ഞത്തുനിന്നു പാക്കിങ് ചെയ്ത് അയയ്ക്കാന്‍ കഴിയും. വിദേശരാജ്യങ്ങളെ സംബന്ധിച്ച് ഇതു സാമ്പത്തിക നേട്ടവും കേരളത്തെ സംബന്ധിച്ചു തൊഴിവസരവുമാണ്. കൂടുതൽ വിദേശ സഞ്ചാരികൾ വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് എത്തും. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്.

അതിഥികൾ കൂടുതലായി വരുന്നതോടെ പുതിയ ഹോട്ടലുകൾ വേണ്ടിവരും. ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമാണ്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ കൂടുതൽ സ്റ്റാർ ഹോട്ടലുകൾ വരും. തുറമുഖത്തിനായി സ്ഥലം വിട്ടു നൽകിവർക്കും താമസ സൗകര്യം നഷ്ടമായവർക്കും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നുണ്ട്. നാട്ടുകാരായ തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്തും. അസാപിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സാങ്കേതിക പരിശീലന കേന്ദ്രം ആരംഭിക്കും. അയ്യായിരത്തോളം തൊഴില്‍ അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യഘട്ടത്തിൽ കഴിയും. നാവായികുളം–വിഴിഞ്ഞം റിങ് റോഡ് വരുന്നതോടെ റോഡിന് ഇരുവശത്തും വ്യവസായ കേന്ദ്രങ്ങൾ വരുംതുറമുഖത്തിനോട് ചേർന്ന് റിങ് റോഡിനായി 6,000 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ട്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ൽ പൂർത്തിയാക്കും’’– മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe