വിഴിഞ്ഞം: ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താൻ കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർന്ന് പണയം വെക്കുന്ന സംഘത്തെ വിഴിഞ്ഞം പോലീസ് പിടികൂടി. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. സ്വന്തം ബന്ധുവീട്ടിൽ നിന്നുതന്നെ മോഷണം നടത്തിയതാണ് പ്രതികളെ കുടുക്കിയത്.
രണ്ടാഴ്ച മുമ്പാണ് കേസിലാസ്പദമായ സംഭവം നടന്നത്. 17കാരൻ തന്റെ ബന്ധുവീട്ടിലെ കുഞ്ഞിന്റെ മാലയാണ് മോഷ്ടിച്ചത്. കുഞ്ഞിന്റെ അമ്മ പള്ളിയിൽ പോയ സമയം നോക്കി വീട്ടിലെത്തിയ ഇയാൾ മാല കൈക്കലാക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് ജിബിൻരാജിനെ കൂട്ടി മുക്കോലയിലെ സ്വകാര്യ പണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതിൽ 25,000 രൂപ ജിബിൻരാജും 10,000 രൂപ 17കാരനും വീതിച്ചെടുത്ത് ആഡംബരത്തിനായി ചെലവഴിച്ചു.
ജിബിൻരാജിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇതേ സ്ഥാപനത്തിൽ ജിബിൻരാജ് നേരത്തെ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിൽ എസ്.ഐ റെജി തോമസ്, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒ വിനയകുമാർ, സി.പി.ഒ രെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജിബിൻരാജിനെ റിമാൻഡ് ചെയ്തു. 17കാരനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജുവനൈൽ കോടതിയിലേക്ക് കൈമാറും.
